logo
AD
AD

ചാലിശ്ശേരി പട്ടിശ്ശേരി ക്ഷേത്രത്തിൽ നാരായണീയ സപ്താഹത്തിന് ഭക്തിനിർഭരമായ സമാപനം

ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നുവന്നിരുന്ന നാരായണീയ സപ്താഹ യജ്ഞം സമാപിച്ചു. സമാപന ദിനത്തിൽ ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. യജ്ഞാചാര്യൻ തോട്ടം നീലകണ്ഠൻ നമ്പൂതിരി, ഉപാചാര്യൻ മുതുവറ ദിവാകരൻ നമ്പൂതിരി എന്നിവർ ഭക്തർക്ക് പ്രസാദം വിതരണം ചെയ്തതോടെ ഏഴു ദിവസത്തെ യജ്ഞത്തിന് സമാപ്തിയായി. വാതാലയം ട്രസ്റ്റിന്റെയും ഭക്തരുടെയും സഹകരണത്തോടെ സപ്താഹ ദിനങ്ങളിൽ ഭക്തർക്കായി പ്രഭാതഭക്ഷണം, പ്രസാദ ഊട്ട്, ലഘുഭക്ഷണം എന്നിവയും ഒരുക്കിയിരുന്നു.

യജ്ഞ സമാപനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറി. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ നൃത്തം, കൃഷ്ണകൃപ സംഘത്തിന്റെ തിരുവാതിരക്കളി എന്നിവ നടന്നു. ദീപാരാധനയ്ക്ക് ശേഷം നടന്ന സാംസ്കാരിക സന്ധ്യയിൽ ടീം രസാനന്ദയുടെ നേതൃത്വത്തിൽ "രുഗ്മാംഗദ ചരിതം" കഥകളി അരങ്ങേറി. ഡോ. പാഴൂർ ദാമോദരൻ നമ്പൂതിരി (രുഗ്മാംഗദൻ), കലാമണ്ഡലം വൈവസ്വതമനു (മോഹിനി), കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം അഭിഷേക്, കുമാരി എസ്. ഭദ്ര, മാസ്റ്റർ ആര്യൻ എന്നിവർ വിവിധ വേഷങ്ങളിൽ വേദിയിലെത്തി.

കഥകളിക്ക് പിന്നണിയിൽ കലാ വിശ്വാസ്, ഹരിശങ്കർ കണ്ണമംഗലം (പാട്ട്), കലാ നിതിൻ കൃഷ്ണ (ചെണ്ട), കലാമണ്ഡലം പ്രശാന്ത് (മദ്ദളം), കലാ വൈശാഖ് (ചുട്ടി), ശ്യാം മനോഹർ & ടീം (അണിയറ), രംഗപൂഷ ഇരിങ്ങാലക്കുട (കോപ്പ്) എന്നിവർ അണിനിരന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്.

Latest News

latest News