പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയല്‍ സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം മാറ്റി
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയല്‍ സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം മാറ്റി. തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയല്‍ സ്ട്രോങ് റൂം ആണെന്നും ഇവിഎം സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി വിശദീകരിച്ചു. ഇവിഎമ്മുകളുള്ള സ്ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയല്‍ സ്ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതില്‍ അസ്വഭാവികതയില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്.
ഫോം 17A എടുക്കാനാണ് മെറ്റീരിയല്‍ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റില്‍ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം. നിലവില്‍ മെറ്റീരിയല്‍ സ്ട്രോങ്ങ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർഥികളുടെ സാന്നിധ്യത്തില്‍ മാത്രമെ മെറ്റീരിയല്‍ സ്ട്രോങ് റൂം തുറക്കുകയുള്ളു. മെറ്റീരിയല്‍ സ്ട്രോങ് റൂം സീല്‍ ചെയ്തതല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
കോഴിക്കോട്ടെ സ്ട്രോങ് റൂം തുറക്കല്‍ വിവാദത്തിന് പിന്നാലെയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമും തുറക്കുന്നതിലും ഇന്ന് വിവാദം ഉയര്‍ന്നത്. നെന്മാറ നിയോജക മണ്ഡലത്തിന്‍റെ സ്ട്രോങ് റൂം തുറക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവച്ചുവെന്നാണ് വിശദീകരണം. എന്നാല്‍, സ്ട്രോങ് റൂം തുറക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി തങ്കപ്പൻ പറഞ്ഞു.
