സെൻസസ് 2027: മലപ്പുറത്ത് ജില്ലാതല പരിശീലന പരിപാടികൾക്ക് തുടക്കമായി
ഹൗസ് ലിസ്റ്റിങ് ആൻഡ് ഹൗസിങ് സെൻസസ് 2027-ന്റെ മുന്നോടിയായി ഉദ്യോഗസ്ഥർക്കും ടെക്നിക്കൽ അസിസ്റ്റന്റുമാർക്കുമായുള്ള ത്രിദിന ജില്ലാതല പരിശീലന പരിപാടി മലപ്പുറം സിവിൽ സ്റ്റേഷനിലെ കൈറ്റ് (KITE) ഹാളിൽ ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വരാനിരിക്കുന്ന സെൻസസ് നടപടികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരെ സജ്ജരാക്കുക എന്നതാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
ഏപ്രിൽ 20 മുതൽ 25 വരെ രണ്ട് ബാച്ചുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എം. ഹാരിസ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഷഹ്ന കാരാടൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എ.ഡി.എം സി.എസ്. രാജേഷ്, വിവിധ വകുപ്പ് മേധാവികൾ, സബ് കളക്ടർമാർ, തഹസിൽദാർമാർ, മുൻസിപ്പൽ സെക്രട്ടറിമാർ എന്നിവർക്ക് സെൻസസുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന വിവരശേഖരണമാണ് സെൻസസിലൂടെ നടക്കുന്നത്. അതിനാൽ കൃത്യവും സുതാര്യവുമായ രീതിയിൽ സെൻസസ് പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
