അൻപോടെ തൃത്താല; മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിനെത്തുക മൂവായിരത്തോളം പേർ

മന്ത്രി എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായി മെയ് 11 ന് വട്ടേനാട് ജി വി എച്ച് എസ് എസിൽ സംഘടിപ്പിക്കുന്ന മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത് മൂവായിരത്തോളം പേർ. ക്യാമ്പിലേക്കുള്ള രജിസ്ടേഷൻ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ക്യാമ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കൂറ്റനാട് ചേർന്ന യോഗത്തിൽ എം ബി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. ഇ സുഷമ, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ പി വി രാമദാസ്, കെ എ ഷംസു , ഡോ പി കെ കൃഷ്ണദാസ്, വി പി അഷറഫലി, ടി കെ വിജയൻ, എ കൃഷ്ണകുമാർ, കെ എ പ്രയാൺ, സി കമ്മുണ്ണി, ടി കെ ഹരീഷ്, ഇ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൻ്റെ ഭാഗമായി മാലിന്യ സംസ്കരണത്തിനും പരിസര ശുചീകരണത്തിനും ശാസ്ത്രീയ സംവിധാനങ്ങളൊരുക്കാൻ യോഗം തീരുമാനിച്ചു. 11ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഹൃദ്രോഗ വിദഗ്ദ്ധൻ പത്മഭൂഷൺ ഡോ.ജോസ് ചാക്കോ മുഖ്യാതിഥിയാകും.തൃത്താലയുടെ ചരിത്രത്തിൽ ആദ്യമായാണ് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സർക്കാർ ആശുപത്രികളും കേരളത്തിലെ മികച്ച സ്വകാര്യ ആശുപത്രികളും ഹോമിയോ , അലോപ്പതി, ആയുർവേദ വിഭാഗങ്ങളും ക്യാമ്പിൻ്റെ ഭാഗമാകും.ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇഎൻടി, ത്വക്ക് രോഗ വിഭാഗം, പൾമനോളജി +ശ്വാസകോശവിഭാഗം), ഗൈനക്കോളജി, നേത്രരോഗ വിഭാഗം, ഹൃദ്രോഗവിഭാഗം(കാർഡിയോളജി), വൃക്കരോഗവിഭാഗം(നെഫ്രോളജി), ഉദരരോഗ വിഭാഗം(ഗ്യാസ്ട്രോ എന്ററോളജി), ന്യൂറോളജി, ക്യാൻസർ വിഭാഗം(ഓങ്കോളജി), പീഡിയാട്രിക് സർജറി, കാർഡിയോ തൊറാസിക് സർജറി, യൂറോളജി, ന്യൂറോ സർജറി, സർജിക്കൽ ഓങ്കോളജി, ഇന്റർവെൻഷണൽ റേഡിയോളജി, പാലിയേറ്റീവ് കെയർ (സാന്ത്വന പരിചരണം), ദന്തരോഗ വിഭാഗം, ആയുർവേദം:ജനറൽ മെഡിസിൻ, ഓർത്തോ, ഇഎൻടി ആൻറ് കണ്ണ് രോഗ വിഭാഗം, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഹോമിയോ ഉൾപ്പെടെ 28 വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കൂടിയാണിത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കാവശ്യമായ തുടർ ചികിത്സാ സംവിധാനവും ഉറപ്പാക്കും. മൊബൈൽ ദന്തൽ ക്ലിനിക്ക് ഉൾപ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി വളരെയേറെ പിന്നോക്കം നിൽക്കുന്നവരും ചികിത്സക്കും മരുന്നിനുമായി പ്രയാസമനുഭവിക്കുന്നവരുമായ വ്യക്തികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് അർഹരായ വീടുകളിൽ സന്ദർശനം നടത്തി കണ്ടെത്തുകയും മാരകമായ അസുഖങ്ങളാൽ കഷ്ടത അനുവഭവിക്കുന്നവർക്ക് മരുന്നും ചികിത്സയും ലഭ്യമാക്കുന്ന ഒരു സമഗ്ര ആരോഗ്യപദ്ധതിയാണ് മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അൻപോടെ തൃത്താല.