'മാനസമിത്ര' ഏകദിന ശിൽപശാല ഏപ്രിൽ 29ന്; സ്വാഗത സംഘം രൂപീകരിച്ചു

മുഹമ്മദ് മുഹസ്സിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ പട്ടാമ്പി മണ്ഡലത്തിലെ 11 സ്കൂളുകളിൽ നടപ്പാക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതി 'മാനസമിത്ര'യുടെ ആദ്യഘട്ട ഏകദിന ശിൽപശാല വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 29ന് ചൊവ്വാഴ്ച, കൊപ്പം നക്ഷത്ര ഹാളിൽ നടക്കുന്ന ശിൽപശാലയ്ക്ക് മുഹമ്മദ് മുഹ്സിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു കൊണ്ട് തുടക്കമായി. പദ്ധതിയുടെ സിലബസ് വിശകലനവും അദ്ധ്യാപകർക്ക് നൽകുന്ന ക്ലാസുകളുടെ വിശദാംശങ്ങളും വിലയിരുത്താൻ ചേരുന്ന ശിൽപശാലയിൽ സംസ്ഥാനത്തെ പ്രമുഖ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, ഡോക്ടർമാർ, വിദ്യാഭ്യാസ വിദഗ്ധർ, സ്കോൾ കേരള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഇംഹാൻസ് കോഴിക്കോട് മുൻ ഡയറക്ടർ ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സിലബസിന്റെ വിശദമായ വിശകലനവും നടത്തും. ഉത്കണ്ഠ, വിഷാദം, ആത്മഹത്യ പ്രവണത മനോവൈകല്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം കാരണമുണ്ടാകുന്ന ഡിജിറ്റൽ അഡിക്ഷൻ തുടങ്ങി ലഹരി അടക്കമുള്ള നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടാണ് 'മാനസമിത്ര' പദ്ധതി രൂപീകരിച്ചിരിക്കുന്നത്. തികച്ചും ശാസ്ത്രീയവും സമകാലീനവുമായ ക്ലാസുകൾ ഒരുക്കാൻ ഏകദിന ശിൽപശാല ഉപകരിക്കുമെന്ന് മുഹമ്മദ് മുഹസ്സിൻ എം.എൽ.എ പറഞ്ഞു. പട്ടാമ്പി ബി.ആർ.സി.യിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ, ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. നീരജ്, വല്ലപ്പുഴ വാർഡ് മെമ്പർ റഫീഖ് പറക്കാടൻ, ആഷിഫ് കെ.പി, അക്കാദമിക്ക് ഹെഡ് ഫാറൂഖ് കോളേജ് പി.എം ഇൻസ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസസ് എക്സാമിനേഷൻസ്, വി.പി മനോജ്. ബി.പി.സി (ബി.ആർ.സി), സി.കാലിദ്. (കെ എസ്.ടി.യു മെമ്പർ), പ്രജീഷ് (ബി.ആർ.സി), സലീം മാലിക് (ബി.ആർ.സി), ഷാഹുൽ ഹമീദ്, കൃഷ്ണദാസ്, ഷാജി കെ.പി, സ്കോൾ കേരള ജില്ലാ കോർഡിനേറ്റർ മുസ്തഫ, പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് റഫീഖ് എം എന്നിവർ പങ്കെടുത്തു.